Thursday, May 16, 2013

സര്‍വകലാശാലകളിലെ സി.എച്ച് മാതൃക


1967 കാലഘട്ടം. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ്‌കോയാ സാഹിബ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി അവരോധിതനായ സന്ദര്‍ഭം. വളരെ പ്രതീക്ഷയോടെ ജനം അധികാരത്തിലേറ്റിയ ഒരു ഗവണ്‍മെന്റായിരുന്നു അത്. സ്‌കൂള്‍-യൂണിവേഴ്‌സിറ്റി തലങ്ങളില്‍ ദീര്‍ഘനാളായി തുടര്‍ന്നു വന്ന അനിശ്ചിതത്വത്തിനു അന്ത്യം കാണേണ്ട ബാധ്യത സി.എച്ചിനുമേല്‍ വന്നുവീണു.

പിന്നാക്ക പ്രദേശങ്ങള്‍ക്ക് സി.എച്ച് മുന്‍ഗണന നല്‍കി, ഗവണ്‍മെന്റ് – എയ്ഡഡ് മേഖലയില്‍ കുറേയേറെ സ്‌കൂളുകള്‍ അനുവദിച്ചുകൊണ്ട് സ്‌കൂള്‍തല പ്രശ്‌ന പരിഹാരത്തിനായി അദ്ദേഹം മുന്നിട്ടിറങ്ങി. എന്നാല്‍, അതിനെക്കാള്‍ രൂക്ഷമായിരുന്നു കോളജ് – യൂണിവേഴ്‌സിറ്റിതല വിശേഷങ്ങള്‍. തെക്ക് തിരുവനന്തപുരം മുതല്‍ വടക്ക് കാസര്‍കോട് വരെ വിശാലമായ പ്രദേശങ്ങളില്‍ വ്യാപിച്ചു കിടന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവന്‍ അഫിലിയേറ്റ് ചെയ്തിരുന്നത് തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള കേരള യൂണിവേഴ്‌സിറ്റിയോട് മാത്രമാണ്.

കോളജുകളുടെ എണ്ണക്കൂടുതലും കോഴ്‌സുകളുടെ വൈവിധ്യവും ഒരു സര്‍വകലാശാലക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അമിതഭാരംകൊണ്ട് നട്ടെല്ല് വളഞ്ഞുപോയ കേരള യൂണിവേഴ്‌സിറ്റിക്ക് ഒന്ന് നിവര്‍ന്ന് നില്‍ക്കാനുള്ള സാഹചര്യമാണ് സി.എച്ച് ആദ്യം അന്വേഷിച്ചത്. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള കോളജുകളെ ചേര്‍ത്തുകൊണ്ട് മലബാര്‍ കേന്ദ്രമായി അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് രൂപംനല്‍കി. പിന്നീട്, കൊച്ചി കേന്ദ്രമാക്കി മധ്യമേഖലയില്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും അദ്ദേഹം സ്ഥാപിച്ചു.

ചുരുക്കത്തില്‍, തിരുവിതാംകൂറിന് ഇനി ഒരു യൂണിവേഴ്‌സിറ്റികൂടി താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് പണ്ട് പനമ്പിള്ളി ഗോവിന്ദമേനോന്‍ വെട്ടിത്തുറന്ന് പറഞ്ഞ സ്ഥാനത്ത്, ഐക്യ കേരളം സ്ഥാപിതമായി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉന്നത വിദ്യാഭ്യാസം മൂന്ന് സര്‍വ്വകലാശാലകള്‍ക്ക് കീഴിലാക്കി ചിട്ടപ്പെടുത്തുന്നതിന് സി.എച്ച് മുഹമ്മദ്‌കോയ എന്ന മഹാ പ്രതിഭക്ക് സാധിച്ചു. അതു മാത്രമോ, അക്കാദമിക ഭരണരംഗം ക്രമീകരിക്കുന്നതിനും യൂണിവേഴ്‌സിറ്റിയില്‍ ചിലരെങ്കിലും അനുഭവിച്ചിരുന്ന തൊട്ടുകൂടായ്മക്ക് അറുതി വരുത്തുന്നതിനും സി.എച്ച് ചെയ്ത ധീരമായ നടപടികള്‍ ഇന്നും മറ്റുള്ളവര്‍ക്ക് പാഠമാണ്.
അടുത്തുതന്നെ ഒഴിവുവരുന്ന വൈസ് ചാന്‍സലര്‍ പോസ്റ്റുകളിലേക്ക് ദളിത് സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും താല്‍പര്യം പ്രകടിപ്പിക്കുകയും ആവശ്യമുന്നയിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണല്ലോ ഇത്. ദളിത് സംഘടനകളുടെ ന്യായമായ ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുസ്‌ലിം യൂത്ത്‌ലീഗ് ഉള്‍പ്പെടെ പലരും രംഗത്ത് സജീവമായി നില്‍ക്കുകയും ചെയ്യുന്നു. ഇവര്‍ക്കൊക്കെ കീഴ്‌വഴക്കമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുക സി.എച്ചിനെ തന്നെയാണെന്ന കാര്യം ആരും മറക്കരുത്. ഒറ്റതസ്തിക വാദക്കാര്‍ക്ക് വേണ്ടിടത്തോളം പഠിക്കാനുണ്ട് സി.എച്ചിന്റെ നടപടിക്രമങ്ങളില്‍.
കേരളത്തിലാദ്യമായി ദളിത് വിഭാഗങ്ങളില്‍പ്പെടുന്ന ഒരാളെ വൈസ് ചാന്‍സലറാക്കി നിയമിക്കുന്ന നടപടിക്ക് നേതൃത്വം കൊടുത്തത് സി.എച്ച് തന്നെയായിരുന്നു.

നാല് പതിറ്റാണ്ടുകള്‍ക്കപ്പുറംതന്നെ, നരവംശ ശാസ്ത്രത്തില്‍ പ്രഗത്ഭനായിരുന്ന, ദളിതനായ ഡോക്ടര്‍ അയ്യപ്പനെ സാക്ഷാല്‍ കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ആക്കിക്കൊണ്ട് ചരിത്രത്തിലെ ഒരു സുവര്‍ണാധ്യായം സി.എച്ച് എഴുതിച്ചേര്‍ത്തു. ആ കീഴ്‌വഴക്കം ഇവിടെ അട്ടിമറിക്കുമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഡോക്ടര്‍ അയ്യപ്പന്റെ ഘട്ടം ഇന്നലത്തെപ്പോലെ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടാതെ നല്ല നിലയില്‍ കടന്നുപോയ കാലമായിരുന്നു എന്ന വസ്തുതകൂടി ഓര്‍മിക്കപ്പെടണം. ഒരു ദളിതന്‍ കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായാല്‍ അതിന്റെ പേരിലൊരു പ്രളയം നമ്മെ വിഴുങ്ങില്ലെന്നുറപ്പായില്ലെ?

ഏതാണ്ട് അതേ കാലഘട്ടത്തില്‍തന്നെ കാലിക്കറ്റ് സര്‍വകലാശാലയില്‍ വി.സി ആയി നിയമിക്കപ്പെട്ട ഡോക്ടര്‍ മുഹമ്മദ് ഗനി എന്ന ന്യൂനപക്ഷ സമുദായക്കാരനും സി.എച്ചിന്റെ സംഭാവനയാണ്. പണ്ട് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്ത് ദിവാനായിരുന്ന ഹബീബുല്ല അവിടുത്തെ യൂണിവേഴ്‌സിറ്റിയുമായി കുറച്ചുകാലം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്ന വസ്തുത മറക്കുന്നില്ല.
ബാംഗഌര്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും കാലിക്കറ്റില്‍ എത്തിയ ഗനി സാഹിബാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പിന്നീട് ലോകപ്രശസ്തി നേടിക്കൊടുത്തത്.

ഒരു ദളിതനെയും ഒരു ന്യൂനപക്ഷ സമുദായാംഗത്തെയും കേരളത്തില്‍ ആദ്യമായി വി.സിമാരായി നിയമിച്ചു എന്നതിലുപരി, സി.എച്ചിനെ കൂടുതല്‍ ശ്രദ്ധേയനാക്കുന്നത് അവരുടെ പ്രാഗത്ഭ്യം നേരത്തെ കണ്ടറിഞ്ഞ് അര്‍ഹമായ പദവി നല്‍കുകയും, അവരുടെ കഴിവുകള്‍ മറ്റുള്ളവര്‍കൂടി അംഗീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുകയും ചെയ്തു എന്നതാണ്. ആദ്യമാദ്യം അടക്കത്തില്‍ കലപില കൂട്ടിയവര്‍ പിന്നീട് നിശബ്ദരായതിന്റെ കാരണവും മറ്റൊന്നല്ല.

സി.എച്ച് തന്നെ ജന്മം നല്‍കിയ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയെക്കുറിച്ചും ഈ പ്രാഗത്ഭ്യ ചരിത്രം പറയാനുണ്ട്. പ്രസ്തുത യൂണിവേഴ്‌സിറ്റിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ആഫീസറായി ചാക്കോ നിയോഗിക്കപ്പെട്ടപ്പോള്‍തന്നെ വി.സി ആവാന്‍ യോഗ്യനായ ആളെ സി.എച്ച് കണ്ടുവെച്ചിരുന്നു- ജോസഫ് മുണ്ടശ്ശേരി മാസ്റ്ററെ. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന, പ്രൊഫസര്‍ മുണ്ടശ്ശേരി എന്ന ധിഷണാശാലി.

സര്‍വകലാശാലകള്‍ക്ക് സി.എച്ച് നല്‍കിയ സന്ദേശം സുതരാം വ്യക്തമാണ്. ഇന്ന് ഒറ്റ തസ്തിക എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ മുതലായ സ്ഥാനങ്ങളിലൊക്കെ ഏറ്റവും കഴിവും മിഴിവുമുള്ളവരാണ് അദ്ദേഹത്തിന്റെ കാലത്ത് നിയമിതരായത്. അതേസമയം, അടിവരയിട്ട് രേഖപ്പെടുത്തേണ്ട സുപ്രധാന വസ്തുത, പ്രസ്തുത തസ്തികകളിലൊക്കെ ഭൂരിപക്ഷ- ന്യൂനപക്ഷ-പിന്നാക്ക-പട്ടികജാതി വിഭാഗത്തില്‍പെട്ട പ്രതിഭകള്‍ യാതൊരു വിവേചനവും കൂടാതെ പരിഗണിക്കപ്പെടുകയും ചെയ്തു എന്നതാണ്. ഇത്തരം ഉന്നതതല നിയമനങ്ങള്‍ക്ക് പ്രധാനമായും ആവശ്യമായി വരുന്ന രാഷ്ട്രീയ തീരുമാനം കാലാകാലങ്ങളില്‍ സംസ്ഥാനം ഭരിക്കുന്ന ഗവണ്‍മെന്റുകള്‍ എടുക്കുക എന്ന കീഴ്‌വഴക്കത്തിലേക്ക് കാര്യങ്ങള്‍ അദ്ദേഹം എത്തിക്കുകയും ചെയ്തു.

ഏറ്റക്കുറച്ചിലുകളും പോരായ്മകളും സംഭവിക്കുന്നുണ്ടെങ്കില്‍പോലും ഇടത് വലത് മുന്നണി വ്യത്യാസമില്ലാതെ എല്ലാവരും അടിസ്ഥാനപരമായ ഈ വിഷയം യോജിച്ച് നടപ്പിലാക്കാന്‍ പഠിച്ചു. ചുരുക്കത്തില്‍, ‘ഒറ്റതസ്തിക’ നിയമനങ്ങള്‍ മാന്യമായി എങ്ങനെ നടത്തണമെന്ന് കേരളത്തിലെ ഭരണകൂടങ്ങള്‍ക്കും അവരെ നയിക്കുന്ന ജനങ്ങള്‍ക്കും അറിയാമെന്ന് സാരം. അത് ഇനിയും അവര്‍തന്നെ നിര്‍വഹിച്ചുകൊള്ളും. ബുദ്ധിജീവി പട്ടംകെട്ടിയ ചിലര്‍ അതിനുവേണ്ടി ഉറക്കം കളയേണ്ട കാര്യമില്ല.

പിന്നെ വരുന്നത് പ്രൊഫസര്‍, റീഡര്‍, ലക്ചറര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനമാണ്. 1974ല്‍ പാസ്സാക്കിയ കേരള സര്‍വകലാശാല ആക്ട് പ്രാബല്യത്തില്‍ വന്നത് മുതല്‍ കഴിഞ്ഞ 38 വര്‍ഷമായി ഇത്തരം നിയമനങ്ങള്‍ക്ക് വ്യവസ്ഥാപിത സംവരണ നയവും റൊട്ടേഷന്‍ സിസ്റ്റവും നിലവിലുണ്ട്. അനേകം തസ്തികകള്‍ വരാവുന്ന ഈ നിയമനങ്ങളില്‍ പി.എസ്.സിയുടേതുപോലുള്ള നിയമന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി ഒരു സമയം ഒരു തസ്തിക മാത്രമേ ഈ വിഭാഗത്തില്‍ ഉണ്ടാകുന്നുള്ളുവെങ്കില്‍ അത് മെറിറ്റിലും, പിന്നീട് വരുന്നത് റൊട്ടേഷന്‍ അനുസരിച്ച് സംവരണ സമുദായങ്ങള്‍ക്കും നല്‍കിപ്പോരുന്നു. ഇത്തരം തസ്തികകള്‍ നികത്തുമ്പോള്‍ സംവരണം പാലിച്ചുകൊണ്ടുള്ള തുടര്‍ച്ച നിലനിര്‍ത്തിയിരിക്കുന്നു എന്നര്‍ത്ഥം. ആ തുടര്‍ച്ച ഇല്ലായ്മ ചെയ്ത്, ഓരോ സമയത്ത് ഉണ്ടാകുന്ന ഓരോ ഒഴിവും ഒറ്റ തസ്തികയാണെന്ന് വ്യാഖ്യാനിച്ച്, സംവരണ വ്യവസ്ഥതന്നെ അട്ടിമറിക്കാന്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ ഈയടുത്തുണ്ടായ നീക്കം പേടിപ്പെടുത്തുന്നതും അതേസമയം ഒരു തരിമ്പും നീതീകരിക്കാന്‍ കഴിയാത്തതുമാണ്.

ഏത് വിഷയത്തിലാണെങ്കിലും യൂണിവേഴ്‌സിറ്റി സെനറ്റും സിണ്ടിക്കേറ്റും നോക്കുകുത്തികളാകാന്‍ പാടില്ല.
കേരള സര്‍വകലാശാലക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്. പ്രൊഫസര്‍ രാമസ്വാമി മുതലിയാര്‍, ഡോക്ടര്‍ ആര്‍.എസ് കൃഷ്ണന്‍, ഡോക്ടര്‍ ജോണ്‍ മത്തായി, പ്രൊഫ. സാമുവല്‍ മത്തായി, ഡോക്ടര്‍ സുകുമാരന്‍ നായര്‍, ഡോക്ടര്‍ ബി. ഇക്ബാല്‍, ഹബീബ് മുഹമ്മദ്, ഡോക്ടര്‍ അയ്യപ്പന്‍, പ്രൊഫസര്‍ ബാബു തുടങ്ങി മുന്നാക്ക – പിന്നാക്ക- ഈഴവ – പട്ടികജാതി വിഭാഗത്തില്‍പെട്ട നിരവധി വിദ്യാഭ്യാസ വിചക്ഷണര്‍ ഇരുന്ന് സ്തുത്യര്‍ഹമായ രീതിയില്‍ സേവനം അര്‍പ്പിച്ച കസേരയാണത്. പരസ്പര വിശ്വാസവും കൂട്ടായ്മയും അവരുടെ പ്രവര്‍ത്തനമുദ്രകളായിരുന്നു. സെനറ്റ് മീറ്റിങ്ങുകളില്‍ ഉദ്ദേശിച്ചപോലെ അജണ്ട നീങ്ങാതെ വന്നപ്പോള്‍, ഇനി മുതല്‍ രണ്ട് ദിവസം അടുപ്പിച്ച് സെനറ്റ് സമ്മേളിക്കുന്നതിനു നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ എന്നൊരിക്കല്‍ ഞങ്ങളോട് അന്നത്തെ വൈസ് ചാന്‍സലര്‍ പ്രൊഫ. ബാബു സ്‌നേഹപൂര്‍വം ആരാഞ്ഞതും അവസാനം അങ്ങനെ തീരുമാനമെടുത്തതും ഓര്‍മിക്കുന്നു. അത്രയേറെ പരസ്പര പരിഗണനയും യോജിപ്പും വി.സിയും സിണ്ടിക്കേറ്റും സെനറ്റും തമ്മിലുണ്ടായിരുന്നു എന്നര്‍ത്ഥം. ആ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്താന്‍ പാടില്ല.

അതേസമയം, കേരള യൂണിവേഴ്‌സിറ്റി, വിദ്യാര്‍ത്ഥികളുടെ അക്കാദമിക പരീക്ഷാ വിഷയങ്ങളില്‍ വേണ്ടത്ര ശുഷ്‌കാന്തിയും ശ്രദ്ധയും പുലര്‍ത്തുന്നില്ല എന്ന ആശങ്ക സാന്ദര്‍ഭികമായി ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും അടുത്ത് പുറത്തുവന്നിരിക്കുന്ന വാര്‍ത്ത, വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ സെമസ്റ്റര്‍ പരീക്ഷകളുമായി ബന്ധപ്പെട്ട ഇന്റേണല്‍ പരീക്ഷാ മാര്‍ക്കുകളും രേഖകളും യൂണിവേഴ്‌സിറ്റി ഓഫീസില്‍ കാണാനില്ല എന്നാണ്. അതുപോലെ, കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന രണ്ട് പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ കാണുന്നില്ലെന്നതും 28 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കപ്പെട്ടിരുന്നത് ഒരേ രജിസ്റ്റര്‍ നമ്പര്‍ ആയിരുന്നു എന്നതും നിരുത്തരവാദിത്വത്തിന്റെ പര്യായപദമായി കേരള യൂണിവേഴ്‌സിറ്റിയെ മാറ്റി മറിച്ചിരിക്കുന്നു. സര്‍വകലാശാലയുടെ സ്വയംഭരണാവകാശ വാദത്തിന്റെ ബലത്തില്‍ ഇതെത്ര നാള്‍ തുടരാന്‍ കഴിയും?

പഠന-പരീക്ഷാ കാര്യാദികള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക വിഷയങ്ങളില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ കൂടുതല്‍ ശ്രദ്ധിക്കുക. അടപടലേ എല്ലാം മറിച്ചുകളയുന്ന പണി-അത് അട്ടിമറി തൊഴിലാളികള്‍ തന്നെ ചെയ്യട്ടെ. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഉറക്കം കെടുത്തുന്ന രാത്രികള്‍ സമ്മാനിക്കാത്ത, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇനിയൊരിക്കലും തിരിച്ചുവരാത്ത, മാന്യവും അന്തസുറ്റതുമായ ഒരു യൂണിവേഴ്‌സിറ്റി സംസ്‌കാരം ഇവിടെ ഉരുത്തിരിഞ്ഞുവരണം. നിയമനങ്ങള്‍ നടക്കുമ്പോള്‍ – അവ ഒറ്റ തസ്തികയോ ഒന്നിലധികം തസ്തികകളോ ആകട്ടെ – മഹാനായ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് സര്‍വകലാശാലകള്‍ക്കു കൈമാറിപ്പോയ ശക്തമായ വ്യവസ്ഥകളും കീഴ്‌വഴക്കങ്ങളും പൂര്‍ണമായും പാലിച്ചേ മതിയാകൂ


Dec. 15
എം.എ അബൂബക്കര്‍കുഞ്ഞ് ആശാന്‍

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes