Friday, September 30, 2011

സി.എച്ചിന്റെ ജീവിതം വായിച്ചു തീര്‍ക്കാന്‍ പറ്റാത്ത ഗ്രന്ഥം: ഹൈദരലി തങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും മുസ്ലിംലീഗിന്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ്കോയയുടെ ജീവിതം വായിച്ചു തീര്‍ക്കാന്‍ പറ്റാത്ത ഗ്രന്ഥമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

കോഴിക്കോട് സിറ്റി സൗത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. സി.എച്ച് എന്ന മഹാമനുഷ്യന്‍ വലിയ വടവൃക്ഷമായിരുന്നു. അദ്ദേഹം കൈവെച്ച മേഖലകളൊക്കെ പൊന്നാക്കിയ ചരിത്രമാണുള്ളത്. ഇത്രയും ആദരവ് പിടിച്ചുപറ്റിയ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ വേറെയുണ്ടോ എന്നത് സംശയമാണെന്നും തങ്ങള്‍ പറഞ്ഞു.

സ്വന്തം കാര്യലാഭത്തിനോ കുടുംബ നേട്ടത്തിനോ വേണ്ടിയല്ല സി.എച്ച് ജീവിച്ചത്. അദ്ദേഹം പ്രതിനിധാനം ചെയ്ത സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതി ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്. ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ സി.എച്ച് വിമര്‍ശകരുടെ പേടിസ്വപ്നമായിരുന്നു. വിമര്‍ശകര്‍ക്ക് "ഉരുളക്ക് ഉപ്പേരി' എന്ന മട്ടില്‍ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേല്‍ക്കാന്‍ ബാഫഖി തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് കര്‍മോത്സുകതയോടെ ചുമതലയേറ്റ സി.എച്ച് ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുവെന്നു തങ്ങള്‍ വ്യക്തമാക്കി. വിദ്യാഭ്യാസ ചരിത്രത്തില്‍ സി.എച്ചിന്റെ സംഭാവന ചെറുതായി കാണാന്‍ സാധിക്കില്ല. തല ഉയര്‍ത്തി നില്‍ക്കുന്ന പല സ്ഥാപനങ്ങളും സി.എച്ചിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും പ്രതിഭാധനതയുടെയും പ്രതീകമാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മിപ്പിച്ചു. സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പഠിപ്പിച്ച സി.എച്ച് അന്യന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിച്ചില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പാണക്കാട്ടെ നിത്യസന്ദര്‍ശകനായ സി.എച്ചിനെ കുട്ടിക്കാലം മുതല്‍ പരിചയപ്പെടാന്‍ സാധിച്ചതായി തങ്ങള്‍ അനുസ്മരിച്ചു. മുസ്ലിംലീഗിന്റെ ആശയാദര്‍ശങ്ങളുടെ പ്രചാരണത്തില്‍ അദ്ദേഹം നല്‍കിയ സംഭാവന എന്നും സ്മരിക്കപ്പെടും ഹൈദരലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സിറ്റി സൗത്ത് മണ്ഡലം പ്രസിഡണ്ട് കെ. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ എം.സി മായിന്‍ഹാജി, എം.എെ തങ്ങള്‍, എം.എെ. ഷാനവാസ് എം.പി, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ ടി.ടി ഇസ്മാഈല്‍, വൈസ് പ്രസിഡണ്ട് അഡ്വ. എസ്.വി ഉസ്മാന്‍കോയ പ്രസംഗിച്ചു. പി.എ മഹബൂബ് സംവിധാനം ചെയ്ത "ഓര്‍മ്മകളിലെ സി.എച്ച്' ഡി.വി.ഡി പ്രകാശനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ടി സക്കീര്‍ ഹുസൈന്‍ സ്വാഗതവും കെ.ടി ബീരാന്‍കോയ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുസ്ലിംലീഗിന്റെ മുന്‍കാല നേതാക്കളെ ആദരിച്ചു.

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes